കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് അപകടമുണ്ടായത്.
വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഫാത്തിമ വെെദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വടി ഉപയോഗിച്ച് വെെദ്യുതി ലെെനിൽ നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഫാത്തിമയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: ബാവോട്ടി, മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ.
SUMMARY: 65-year-old woman dies after being electrocuted by lightning in Kozhikode