കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പുലർച്ചെ 2.30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. അസം സ്വദേശി ബാവുല്‍ ആണ് പിടിയിലായത്.
എടിഎം ഷട്ടർ പാതിനിലയിൽ തുറന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിന്റെ സമീപമെത്തിയ പോലീസ് ഷട്ടറിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി ഷട്ടറിൽ മുട്ടിയപ്പോൾ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തിൽ താമസിച്ചുവരികയാണ് പ്രതി. അതേസമയം എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: ATM robbery attempt; Interstate worker arrested