ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. അമേരിക്കയില്‍ നിന്നും കഴിഞ്ഞ ദിവസം യാത്രതിരിച്ച ശുഭാംശു ശുക്ല ഇന്ന് പുലർച്ചെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും അദ്ദേഹത്തെ സ്വീകരിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ശുഭാംശു ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശുഭാംശു കൂടിക്കാഴ്ച നടത്തും. ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്.
ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.
അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്‌ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു യാത്ര. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയായിരുന്നു ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു മാറിയിരുന്നു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കിയിരുന്നു.
SUMMARY: Shubhamshu Shukla returns to India