ബറൂച്ച്: ഗുജറാത്തിലെ ബറൂച്ചിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. ബിഹാർ സ്വദേശിയായ മനീഷ്, മഹാരാഷ്ട്ര സ്വദേശിയായ ഫുല്‍ചന്ദ് എന്നിവരാണ് മരിച്ച തൊഴിലാളികള്‍. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തയുടന്‍ 15 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബറൂച്ചിലെ ജിഐഡിസി പനോലിയില്‍ സ്ഥിതി ചെയ്യുന്ന സാങ്വി ഓര്‍ഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലാണ് ഈ സംഭവം നടന്നത്. തീപിടുത്തത്തില്‍ ഫാക്ടറിക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തീ പൂർണമായി അണച്ച ശേഷമാണ് വെന്തുമരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.
SUMMARY: Fire breaks out at fertilizer manufacturing plant in Gujarat; Two workers burnt to death