ബെംഗളൂരു: ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ ഡി. സുധീരന്. സിംഗപ്പൂര്‍ കൈരളീ കലാനിലയത്തിന്റെ നാടകം അന്തിത്തോറ്റം അരങ്ങേറിയ ബെംഗളൂരുവിലെ ജാഗ്രിതി തിയേറ്ററില്‍ വെച്ച് ഫെയ്മ ദേശീയ ജനറല്‍ സെക്രട്ടറി റജികുമാര്‍, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും കേരള സമാജം ഐഎഎസ് അക്കാദമി ഉപദേഷ്ടാവുമായ പി ഗോപകുമാര്‍ ഐഎഎസ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരന്‍ രമന്തളി എന്നിവര്‍ ചേര്‍ന്ന് സുധീരന് അവാര്‍ഡ് സമ്മാനിച്ചു.
സിംഗപ്പൂരിലെ മലയാളി സാംസ്‌കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയില്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്തിട്ടുള്ള സുധീരന്‍ മലയാളഭാഷയെയും സംസ്‌കാരത്തെയും തലമുറകളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കവി, നാടകകൃത്ത്, സംവിധായകന്‍, നടന്‍, ”കരോക്കെ ലെജന്‍ഡ്” എന്നീ നിലകളില്‍ ഒരുപോലെ ശ്രദ്ധേയനായിരുന്നു. നിരവധി പ്രശസ്ത നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: FAIMA Karnataka Lifetime Achievement Award to D Sudheeran