ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച സംഭവത്തിൽ മലയാളികളായ രണ്ടുപേർ ബെംഗളൂരു പോലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവരാണ് അറസ്റ്റിലായത്.
വളര്‍ത്തു നായകള്‍ക്കുള്ള ഭക്ഷണം എന്ന വ്യാജേന ജർമനിയിൽനിന്നും തായ്‌ലാൻഡിൽനിന്നും 3.81 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പാഴ്സലായി എത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാഴ്‌സലുകൾ പരിശോധിക്കുകയും ഇവയ്ക്കുള്ളിൽ വിലയേറിയ കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
വ്യാജപ്പേരിലും മേൽവിലാസത്തിലുമായിരുന്നു പാഴ്‌സൽ എത്തിയിരുന്നത്. എന്നാൽ, അതിൽ നൽകിയിരുന്ന ഫോൺനമ്പറുകൾ യഥാർഥമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നിസാറിനെയും റഷീദിനെയും പിടികൂടിയത്. പാഴ്സൽ വാങ്ങാനെത്തിയപ്പോള്‍ റഷീദിനെ നേരിട്ട് പിടികൂടി. നിസാറിനെ കേരളത്തില്‍ വെച്ചാണ് പിടികൂടിയത്.
SUMMARY: Drug smuggling from abroad: Two Malayalis arrested