ബെംഗളൂരു: മൈസൂരുവില്‍ വിനോദയാത്രയ്ക്ക് എത്തിയ മലയാളി സംഘത്തിലെ സ്ത്രീ ബസ് കയറി മരിച്ചു. തലശ്ശേരിക്ക് സമീപം മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസു മൗവഞ്ചേരി (58) ആണ് മരിച്ചത്. സഹോദരി നാരായണിയ്ക്ക് (68) ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൈസൂരു കെ.ആര്‍.എസിന് സമീപത്താണ് സംഭവം.
കുണ്ടേരിപ്പൊയിലിലെ കോട്ടയിൽനിന്ന് ശനിയാഴ്ചയാണ് 50 പേർ മൈസൂരുവില്‍ എത്തിയത്. വൃന്ദാവൻ ഗാർഡൻ കണ്ട് ഞായറാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി സഹോദരി നാരായണിക്കൊപ്പം ഇവർ യാത്ര പോയ ബസിന് സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ, മറ്റൊരു ടൂറിസ്റ്റ് ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽ കൗസു കുടുങ്ങുകയായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ ഗുരുതര പരുക്കുകളോടെ മൈസൂരുവിലെ ജെഎസ്എസ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു
മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കാരം നടത്തി. മൈസൂരു കേരളസമാജം, മൈസൂരു എഐകെഎംസിസി സംഘടനാ പ്രവര്‍ത്തകര്‍ പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് സഹായം ചെയ്തു.
ഭർത്താവ്: എൻ. സുരേഷ് കുമാര്‍ (ചെങ്കൽ തൊഴിലാളി). മക്കൾ: ഉദിത്ത് (ഡ്രൈവർ), ഉദിനന്ദ് (പ്ലസ് ടു വിദ്യാർഥി, കോട്ടയം മലബാർ ഹൈസ്കൂൾ).
SUMMARY: A Malayali housewife died in a bus accident in Mysuru














