ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തനിരവധി പേരാണ് കുടുങ്ങിയത്. നഗരത്തിലെ പ്രധാന സ്വകാര്യ ബസ് ഓപ്പറേറ്റിങ് കേന്ദ്രങ്ങളായ കലാശിപാളയം, മഡിവാള, മജസ്‌റ്റിക് എന്നിവിടങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ബസുകളും ഇന്നലെ മുതല്‍ സർവീസ് നിര്‍ത്തിവെച്ചു. ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർക്ക് മറ്റ് മാർഗം തേടേണ്ടിവന്നു. കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആർടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി. കേരള-കര്‍ണാടക ആർടിസികൾ സ്പെഷൽ ബസുകൾ ഏർപ്പെടുത്തിയെങ്കിലും ഇതിലെ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ തീർന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരേ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരേ ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള സര്‍വീസുകളും നിർത്തിവെച്ചിരുന്നു.
SUMMARY: Interstate bus strike; Passengers heading to Kerala stranded
SUMMARY: Interstate bus strike; Passengers heading to Kerala stranded













