വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. മഡുറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡുറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം മഡുറോയെ ബന്ദിയാക്കിയ അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു.
SUMMARY: Venezuelan President Nicolás Maduro and his wife were brought to New York; He should face trial in a US court














