ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.
സെന്‍ട്രല്‍ ബിസിനസ്, ഡിസ്ട്രിക്ട്, ഹെബ്ബാള്‍, യെലഹങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ഫീസ് നല്‍കേണ്ടതായി വരുമെന്നാണ് വിവരം. ഹെബ്ബാള്‍ ഡിവിഷനിലെ ടാങ്ക് ബണ്ട് റോഡ്, താരബലു റോഡ്, ഭൂപസന്ദ്ര മെയിന്‍ റോഡ്, യെലഹങ്ക ന്യൂ ടൗണ്‍ വാര്‍ഡ് നമ്പര്‍ 05 ലെ ഫസ്റ്റ് എ, പതിമൂന്ന് എ മെയിന്‍ റോഡുകള്‍, മൂന്ന് ബി, പതിനാറ് എ ക്രോസ് റോഡുകള്‍, സന്ദീപ് ഉണ്ണികൃഷ്ണ റോഡ് എന്നിവയും ഉള്‍പ്പെടുന്നു.
പാര്‍ക്കിങ് ഫീസും നിയമങ്ങളും സംബന്ധിച്ച് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ തന്നെ ഫീസ് പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകള്‍ പ്രകാരം, നാലുചക്ര വാഹനങ്ങള്‍ മണിക്കൂറിന് 30 രൂപ, ഇരുചക്ര വാഹനങ്ങള്‍ 15 എന്നിങ്ങനെ നല്‍കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാസും സ്വീകരിക്കാവുന്നതാണ്. നാലുചക്ര വാഹനങ്ങളുടെ പ്രതിദിന പാസിന് 150 രൂപയും ഇരുചക്ര വാഹനങ്ങളുടേതിന് 75 രൂപയുമാണ്. പ്രതിമാസ പാസുകൾക്ക്, ഫോർ വീലർ പാർക്കിംഗിന് 3,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1,500 രൂപയും നൽകേണ്ടിവരും.
SUMMARY: Be careful; Vehicles parked on roadsides at these locations in Bengaluru will have to pay parking fees.














