
കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നിബന്ധനകള്‍ കടുപ്പിച്ചതോടെയാണ് അനധികൃതമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ ലൈസന്‍സ് ലഭ്യമാക്കുന്ന സംഘം സജീവമായത്.
ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് നേടിയെടുത്ത്, പിന്നീട് അത് കേരള ലൈസന്‍സാക്കി മാറ്റുന്ന തട്ടിപ്പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ മൈസൂരുവിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മോട്ടോർവാഹന വകുപ്പിന്‍റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്നവരേയും ടെസ്റ്റിന് ഹാജരാകാന്‍ മടിയുള്ളവരേയും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ തട്ടിപ്പ്. ഉദ്യോഗാര്‍ഥികളെ മൈസൂരുവിലെത്തിച്ച് അവിടെ താത്ക്കാലിക താമസം ഉണ്ടെന്ന് കാണിക്കുന്ന വ്യാജ വാടക കരാറുകളും തിരിച്ചറിയല്‍ രേഖകളും നിര്‍മിക്കുന്നു.തുടര്‍ന്നു അവിടെയുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് നേടിയെടുക്കുന്നു. മാസങ്ങള്‍ക്ക് ശേഷം ഈ ലൈസന്‍സ് കേരളത്തിലെ അഡ്രസ്സിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി നിയമപരമായി കേരള ലൈസന്‍സ് കൈക്കലാക്കുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ലൈസന്‍സ് മാറ്റി വരുന്ന അപേക്ഷകരുടെ രേഖകള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയുട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം ഇടനിലക്കാര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.














