
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചതിലും പ്രതിഷേധിച്ചാണ് ഈ കടുത്ത തീരുമാനം.
ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ച സംഘടനയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടന മുന്‍പ് നിശ്ചയിച്ച സമരം മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ മാസം 18ന് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ തങ്ങള്‍ മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചില്ലെന്നും ഇത് തങ്ങളോടുള്ള കടുത്ത അവഗണനയാണെന്നും ഡോക്ടർമാർ പറയുന്നു.
SUMMARY: Government medical college doctors to go on indefinite strike from January 22













