കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസനാ(40)ണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് ടോം തോംസണിന്റെ പിതാവ് തോമസ് ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാല് ദിവസം മുമ്പാണ് തോമസിനെ ഹെര്‍ണിയ ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ഒന്നോടെയാണ് പിതാവിന് കൂട്ടിരിക്കാനെത്തിയ ടോം ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്‍കേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു.
ഇതോടെ ആശുപത്രി അധികൃതര്‍ 1.15 ന് പയ്യന്നൂര്‍ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഏഴാം നിലയില്‍ നിന്നും ആറാം നിലയിലേക്ക് വന്ന് ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
ടോം തോംസണും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളില്‍ വിവാഹമോചനകേസ് നടന്നുവരികയാണ്. ഇതുസംബന്ധിച്ച പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടെന്നും മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ; ജ്യോഷി മോള്‍. മക്കള്‍: ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ.
SUMMARY: A young man committed suicide by jumping from the sixth floor of a hospital to be with his father














