ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികൾക്ക് നേരെ താൻ കടിച്ച ആപ്പിൾ എറിഞ്ഞു നൽകിയ സംഭവം വിവാദത്തിൽ. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ബിജെപി ഔദ്യോഗികമായി പങ്കുവെച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയര്‍ന്നത്. ഡി.കെ. ശിവകുമാറിന്റെ മണ്ഡലമായ കനക്പുര ഹരോഹള്ളിയിൽ ജനാശിർവാദ റാലിയിൽ പങ്കെടുക്കവെയായിരുന്നു സംഭവം. മുഖ്യമന്ത്രിയായതിന് ശേഷം സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാൻ മണ്ഡലത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
ಅಧಿಕಾರಡಲ್ಕಿ ಬರುದ್ದಕೆ ಮತ ಹಾಕಿದ ಜನರ ಮೇಲೆಯೇ ಕಸ ಎಸೆಯುವುದು ಇದು ಕಾಂಗ್ರೆಸ್ ಪಕ್ಷದ ಮನಸ್ಥಿತಿಯನ್ನು ಪ್ರತಿಬಿಂಬಿಸುತ್ತದೆ.
Shame You DK Shivakumar @DKShivakumar @BJP4Karnataka #Karnatka #Bjp pic.twitter.com/lc0NJOQ26r— Ashwin Panchariya (@ashwinpanchari1) June 9, 2026
മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി ഹരോഹള്ളിയിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. സ്വീകരണത്തിന്റെ ഭാഗമായി പ്രാദേശിക ഭാരവാഹികളും നാട്ടുകാരും ചേർന്ന് പുഷ്പങ്ങളും പുതിയ ആപ്പിളുകളും കോർത്ത കൂറ്റൻ ‘ഗജമാല’യും നൽകി അദ്ദേഹത്തെ വരവേറ്റു. ഇതിനിടെ ഡികെ ശിവകുമാർ ഈ മാലയിൽ നിന്നും ഒരു ആപ്പിൾ പറിച്ചെടുക്കുകയും കടിച്ച ശേഷം ബാക്കി വന്ന ആപ്പിൾ താഴെ തടിച്ചുകൂടിയിരുന്ന അണികൾക്ക് നേരെ എറിഞ്ഞു നൽകുകയായിരുന്നു. ഇതേ രീതിയിൽ മാലയിൽ നിന്നും മറ്റൊരു ആപ്പിൾ കൂടി പറിച്ചെടുത്ത് കടിച്ച ശേഷം അദ്ദേഹം വീണ്ടും ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു. താഴെ നിന്ന അണികൾ വലിയ ആവേശത്തോടെയാണ് ഈ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിച്ചത്. ഈ ആപ്പിൾ പിടിച്ചെടുക്കാൻ പ്രവർത്തകർ തമ്മിൽ മത്സരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കർണാടക മന്ത്രിസഭയിലെ പ്രതിപക്ഷം കൂടിയായ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുവേദികളിലെ പെരുമാറ്റ ചട്ടങ്ങളെയാണ് ഇത് ചോദ്യംചെയ്യുന്നതെന്നും ഉന്നത പദവി വഹിക്കുന്ന ഒരാൾ അധികാരത്തിന്‍റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിലും സംഭവം ഇപ്പോൾ ചർച്ചാവിഷയമാണ്. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവർത്തികൾ ‘ഫ്യൂഡൽ’ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം വിമർശിക്കുന്നു. “ഇതൊരു ദൈവീക ചടങ്ങാണോ അതോ പൊതുപരിപാടിയാണോ?”, “ഭക്ഷണം ഇങ്ങനെ എറിഞ്ഞു നൽകുന്നത് അപമാനകരമല്ലേ?” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. എന്നാൽ, ഇതൊരു അനൗപചാരികമായ ഇടപെടലാണെന്നും പ്രവർത്തകരോടുള്ള സ്നേഹപ്രകടനമാണെന്നും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
SUMMARY: Activists wear huge apple garlands, DK throws bitten apples at crowd; Controversy, BJP harshly criticizes
















