ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം. 16,706 കോടി രൂപയ്‌ക്കാണ് ടീമിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആർസിബി മാറി. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ച്വേഴ്സ്, ബ്ലാക്ക് സ്റ്റോൺ പെർപെച്വൽ പ്രൈവറ്റ് ഇക്വിറ്റി എന്നിവർ ഉൾപ്പെട്ട കൺസോർഷ്യമാണ് ടീമിനെ വാങ്ങിയത്. നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽ നിന്ന് മുഴുവൻ ഓഹരികളും ഇവർ കൈക്കലാക്കി. ആർസിബിയുടെ പുരുഷ ടീമിനൊപ്പം വനിതാ പ്രീമിയർ ലീഗിലെ ടീമും ഇനി പുതിയ ഉടമകളുടെ കീഴിലാകും.
രാജസ്ഥാൻ റോയൽസിനെ കഴിഞ്ഞ ദിവസം 15,286 കോടി രൂപയ്ക്ക് അമേരിക്കൻ സംരംഭകൻ കൽ സൊമാനി ഏറ്റെടുത്തിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ ആർസിബി തിരുത്തിക്കുറിച്ചത്. വിജയ് മല്യയുടെ കാലത്ത് 11.1 കോടി ഡോളറിന് തുടങ്ങിയ ടീമാണ് ഇപ്പോൾ കോടികളുടെ മൂല്യമുള്ള വൻശക്തിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ വർഷം ടീം കന്നി ഐപിഎൽ കിരീടം നേടിയതിന് പിന്നാലെയാണ് വിൽപ്പന നടപടികൾക്ക് വേഗം കൂടിയത്.
SUMMARY: Aditya Birla Group acquires RCB, record deal crosses Rs 16,000 crore















