അഹമ്മദാബാദ്: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ സ്വീകരിച്ചു. പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണും.
രാവിലെ പതിനൊന്നരയ്ക്കാകും സത്യപ്രതിജ്ഞ നടക്കുക. പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരില്‍ പകുതിയിലേറെപ്പേരേയും മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
നിലവില്‍ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. എട്ടുപേര്‍ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേര്‍ സഹമന്ത്രിമാരുമായിരുന്നു. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്. വ്യവസ്ഥകള്‍ പ്രകാരം 27 മന്ത്രിമാര്‍വരെ ആകാം. 2022 ഡിസംബര്‍ 12നാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
SUMMARY: All ministers except the Chief Minister of Gujarat have resigned