ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. മംഗളൂരുവിലെ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം
നാല് പേർ ചേർന്നാണ് ആക്രമിച്ചത്. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുളൂരിൽ നിന്നുള്ള രതേഷ് ദാസ് (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു നോർത്ത് സബ് ഡിവിഷൻ എസിപി ശ്രീകാന്ത് കെയുടെ നേതൃത്വത്തിൽ കാവൂർ പോലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര ബൈന്ദൂർ, പിഎസ്ഐ മല്ലിഖാർജുൻ ബിരാദര എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ15 വർഷമായി മംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു. ദിൽജൻ അൻസാരി. ജാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ നാല് പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ഇയാളോട് എല്ലാത്തരം തെളിവുകളും കാണിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. അക്രമികൾ അൻസാരിയെ മർദ്ദിച്ചതായും പ്രാദേശത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭയം കാരണം ഇയാൾ പരാതി നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർ ഇത് ലോക്കൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അൻസാരി ഇന്ത്യക്കാരനാണെന്നും ജോലിക്കായി മംഗളൂരുവിൽ എത്തിയതാണെന്നും സ്ഥിരീകരിച്ചതായി സുധീർ കുമാർ റെഡ്ഡി പറഞ്ഞു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 126(2) , 109 , 352, 351(3), 353, 118(1) r/w 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
SUMMARY: Allegedly Bangladeshi; Youth thrashed by mob in Mangaluru, three arrested














