തിരുവനന്തപുരം: വെമ്പായം ജങ്ഷനിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ മുഖ്യപ്രതിയും മരണപ്പെട്ടു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കല്‍ ഹൗസില്‍ അനീഷ് (32) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര സ്വദേശി നവാസ് (35) ജൂലൈ 21 ന് ഉച്ചയ്ക്ക് മരിച്ചിരുന്നു. വെമ്പായത്തെ ഹോട്ടല്‍ ആൻഡ് റസിഡൻസിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ അനീഷും മറ്റൊരു സംഘവും തമ്മില്‍ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ നവാസ് അനീഷിനെ മുഖത്തടിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രകോപിതനായ അനീഷ് ബാറില്‍ നിന്ന് പുറത്തുപോയി പെട്രോള്‍ വാങ്ങി തിരിച്ചെത്തുകയായിരുന്നു.
തുടർന്ന് എതിർസംഘത്തിന് നേരെ പെട്രോളൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയതോടെ ബാറിനുള്ളില്‍ തീ ആളിപ്പടർന്നു. അനീഷിന്റെ ശരീരത്തിലും തീ പടർന്നതോടെ ഇയാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ നവാസ്, അനീഷ് എന്നിവർക്കൊപ്പം നൗഫല്‍, റിയാസ്, അരുണ്‍, ശ്യാം എന്നിവർക്കും പൊള്ളലേറ്റിരുന്നു. എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
80 ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അനീഷ്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം തുടരുകയാണ്. ബാറിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
SUMMARY: Aneesh, the accused who was undergoing treatment after sustaining severe burns during a clash at the Vembayam bar, has died
















