ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. സർക്കാറിന് കീഴിലുള്ള ആശുപത്രിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വാങ്‌ചുക്കിനെ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന കുടുംബത്തിന്റെ പരാതിയും കടുത്ത ആശങ്കകളും പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി.
വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ (സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ നിരീക്ഷണം. ഇദ്ദേഹത്തിന്റെ ആരോഗ്യപരമായ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കാമെന്നും കോടതി അറിയിച്ചു.
സഫ്ദർജംഗ് ആശുപത്രിയിൽ നിലവിലുള്ള വാങ്‌ചുക്കിന്റെ എല്ലാ മെഡിക്കൽ റെക്കോർഡുകളും റിപ്പോർട്ടുകളും മെദാന്ത ആശുപത്രി അധികൃതർക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
അദ്ദേഹത്തെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുകയാണ്. മെദാന്തയിൽ അദ്ദേഹം ചികിത്സയിൽ തുടരും. സഫ്ദർജംഗ് ആശുപത്രിയിൽ നടത്തിയ എയിംസിന്റെയും മറ്റ് ലാബുകളുടെയും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെ മെദാന്തയ്ക്ക് കൈമാറും. വാങ്‌ചുക്കിന്റെ ചികിത്സയുടെ മേൽനോട്ടത്തിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കാൻ മെദാന്ത ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകും,- ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ആശ്വാസം പ്രകടിപ്പിച്ച് വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ രംഗത്തെത്തി. തങ്ങൾക്ക് താല്പര്യമുള്ള ആശുപത്രിയിലേക്ക് ഭർത്താവിനെ മാറ്റാൻ അനുമതി നൽകിയതിന് ഹൈക്കോടതിക്കും അഭിഭാഷകരായ അഖിൽ സിബൽ, ബഹുലി ശർമ്മ എന്നിവർക്കും അവർ നന്ദി അറിയിച്ചു. സഫ്ദർജംഗ് ആശുപത്രിയിലെ വൈദ്യ പരിശോധനാ റിപ്പോർട്ടുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ജൂലൈ 19 ന് അവർ രംഗത്തെത്തിയിരുന്നു. പാർലമെന്റിലെ എം പി മാരെ കാണാൻ പ്രതിഷേധക്കാർക്ക് അനുമതി നൽകുന്നത് വരെ തന്റെ ഉപവാസം തുടരുമെന്ന് ആശുപത്രി മാറ്റത്തിന് തൊട്ടുമുമ്പ് വാങ്‌ചുക്ക് വ്യക്തമാക്കിയിരുന്നു.
മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രവർത്തകരും സെൻട്രൽ ഡൽഹിയിലെ ജന്തർ മന്തറിലാണ് സമരം സംഘടിപ്പിച്ചത്. സമരം നടന്നിരുന്ന സ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ നിർബന്ധപൂർവ്വമാണ് നേരത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം സി ജെ പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറിയിരുന്നു. വിഷയം അനുയോജ്യമായ തലത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു.
SUMMARY: Delhi High Court orders Sonam Wangchuk to be shifted to Medanta Hospital
















