ഇടുക്കി: ഇടുക്കി കൊളുക്കുമല സിംഹപാറയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ഇത് ആത്മഹത്യാ ശ്രമമാണോയെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.
ആഴമേറിയ കൊക്കയായതിനാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണെന്നാണ് സമീപവാസികളും പോലീസും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാര്‍ത്തിക്കും സുഹൃത്തുക്കളും കൊളുക്കുമലയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ സംഘം സിംഹപ്പാറയിലേക്ക് എത്തിയപ്പോള്‍ പാറയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേക്ക് വീഴുകയായിരുന്നു. തല കറങ്ങി വീണതാണെന്നും അതല്ല ആത്മഹത്യാ ശ്രമമാണെന്നും ഈ സമയം സമീപത്തുണ്ടായിരുന്ന ചിലര്‍ പറയുന്നുണ്ട്.
ഒരു മാസം മുമ്പും ഇതേ സ്ഥലത്ത് മറ്റൊരു യുവാവ് കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അന്ന് മൃതദേഹം കണ്ടെത്താനായത്. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും, ശാന്തന്‍പാറയില്‍ നിന്നുള്ള പോലീസും രാജാക്കാട് ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
SUMMARY: A tourist fell into a gorge at Kolukkumalai, Idukki
















