ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ). ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. എസ്ആർകെ നഗറിനടുത്ത് പുലര്‍ച്ചെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചവയില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയാണ് കെട്ടിടങ്ങള്‍ ഉണ്ടാക്കിയതെന്ന് ബിഡിഎ അധികൃതര്‍ പറയുന്നു.
Bengaluru News : Houses demolished amid resistance from residents near SRK Nagar in Thanisandra. pic.twitter.com/YTtRyJQZ0B
— News Arena India (@NewsArenaIndia) January 8, 2026
അതേസമയം കുടിയേറ്റ ഭൂമിയിൽ അല്ലെന്നും നിയമപരമായി വാങ്ങിയ ഭൂമിയിലാണ് തങ്ങളുടെ വീടുകൾ ഉള്ളതെന്നും താമസക്കാര്‍ അവകാശപ്പെട്ടു. ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും പ്രദേശവാസികൾ അവകാശപ്പെട്ടു. പതിവായി ഭൂനികുതി അടയ്ക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വീടുകള്‍ വാങ്ങിച്ചിട്ട് ഏകദേശം മുന്നു മാസം പൂര്‍ത്തിയാകുന്നേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു എന്നും താമസക്കാർ ആരോപിച്ചു. സംഭവത്തില്‍ വീട്ടുടമസ്ഥർ സ്ഥലത്ത് പ്രതിഷേധം നടത്തി.
ഇക്കഴിഞ്ഞ ഡിസംബർ 22 ന് പുലർച്ചെ കൊഗിലുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. പുലർച്ചെ 4 മണിയോടെയാണ് ബുൾഡോസറുകൾ സ്ഥലത്ത് എത്തി വീടുകൾ തകർത്തത്. ജെസിബികൾ ഉപയോഗിച്ചായിരുന്നു കുടിലുകള്‍ നീക്കിയത്. ഇത് ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
SUMMARY: Another demolition drive in Bengaluru; Houses demolished in Thanisandra














