തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കുമെന്നും ഉറപ്പ് ലഭിച്ചു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പോലീസിന്റെ ബലപ്രയോഗത്തിൽ പരുക്കേറ്റെന്ന് ആശാ പ്രവർത്തകർ ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസമാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധമാർച്ച്. ബാരിക്കേഡ് വച്ച് പ്രവർത്തകരെ പോലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പ്രതിഷേധം അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘർഷത്തിനിടയാക്കി. സംഘർഷത്തിൽ പോലീസിനും പ്രവർത്തകർക്കും പരുക്കേറ്റു. പിന്നാലെ എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.
SUMMARY: ASHAs end protest at Cliff House, assure to pave way for talks with CM
SUMMARY: ASHAs end protest at Cliff House, assure to pave way for talks with CM