ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കർണാടകയെ സംബന്ധിച്ച് ദേശീയ നേതൃത്വം ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല.
2023 ഡിസംബറിൽ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ വിജയേന്ദ്ര 3 വർഷത്തെ കാലാവധി പൂർത്തിയാക്കിയിട്ടില്ല. അതിനാൽ വിജയേന്ദ്രയെ തുടരാൻ അനുവദിക്കുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ സംസ്ഥാന ഘടകത്തിൽ വിഭാഗീയത രൂക്ഷമായതിനാൽ ദേശീയ നേതൃത്വം പുതിയ പ്രസിഡന്റിനെ നിയമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിനാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിജയേന്ദ്ര പ്രതികരിച്ചു.
കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പുതിയ പ്രസിഡന്റാകുമെന്ന വാദം ശക്തമാണ്. എന്നാൽ സോമണ്ണയെ പ്രസിഡന്റാക്കിയാൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി 2018ലെ തിരഞ്ഞടുപ്പിൽ വരുണ മണ്ഡലത്തിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി തൊട്ടട ബസവരാജപ്പ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: BJP yet to decide on state president post.