ജയ്പുര്‍: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 20 മരണം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.പരുക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.
ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സ്വകാര്യ എസി ബസ് ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് യാത്ര പുറപ്പെട്ടത്. അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടതോടെ ബസിന് പിന്നിൽനിന്നു പെട്ടെന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ, തീ ബസിനെ വിഴുങ്ങുകയായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബസ് വാങ്ങിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. മരണപ്പെട്ടവരില്‍ പലര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തി തിരിച്ചറിയല്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ പ്രതാപ് സിങ് വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ജില്ലാ ഭരണകൂടം ഒരു ഹെൽപ്പ് ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പൊള്ളലേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.
SUMMARY: Bus catches fire in Rajasthan; 20 dead, many injured in burn injuries