കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച സ്റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 15 വരെയാണ് സ്റ്റേ കാലാവധി ദീർഘിപ്പിച്ചത്. നിലവിലെ സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. ഡിസംബർ 15-ന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എഫ്ഐആറിലെ തുടർനടപടികള്‍ തടഞ്ഞുകൊണ്ടും അന്വേഷണം നിർത്തിവെക്കാനും അന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. പിണറായി വിജയൻ, മകള്‍ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ നല്കിയ അപ്പീല്‍ ഹർജി ഫയലില്‍ സ്വീകരിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദിക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ച് ഷാജഹാന് കർശന താക്കീത് നല്കി. സുപ്രീം കോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജി നല്‍കുന്നുണ്ടെന്ന് ഷാജഹാൻ കോടതിയെ ബോധിപ്പിച്ചപ്പോള്‍, എങ്കില്‍ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
SUMMARY: CMRL-Exalogic case: High Court further extends stay on investigation against Pinarayi















