ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഞ്ചുതവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിട്ടുണ്ട്. ആദ്യം ജനതാദളിലായിരുന്ന മേട്ടി 1989, 1994, 2004 തിരഞ്ഞെടുപ്പുകളിൽ ഗുളേദഗുഡ്ഡ മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1994-ലെ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി. മണ്ഡല പുനർനിർണയത്തിന് ശേഷം 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013-ൽ ബാഗൽകോട്ട് മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
2013-ലെ സിദ്ധരാമയ്യ സർക്കാരിൽ എക്സൈസിന്റെ ചുമതലയുള്ള മന്ത്രിയായി. പക്ഷേ, 2016 ഡിസംബറിൽ രാജിവെക്കേണ്ടിവന്നു. ലൈംഗികാരോപണക്കേസിനെ തുടർന്നായിരുന്നു ഇത്. അദ്ദേഹമുൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോ പുറത്തായത് വലിയ വിവാദമായി. എന്നാൽ, കേസന്വേഷിച്ച സിഐഡി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
2018-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2023-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ബാഗൽകോട്ടിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് മേട്ടി. മേട്ടിയുടെ നിര്യാണമറിഞ്ഞയുടൻ സിദ്ധരാമയ്യ ആശുപത്രിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും അനുശോചിച്ചു.
SUMMARY: Congress MLA H.Y. Meti passes away
SUMMARY: Congress MLA H.Y. Meti passes away














