ബെംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്ന്നുണ്ടായ പാചക വാതക സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഹോട്ടലുകൾക്ക് പുറമേ, മെസ് ഹൗസുകൾ, പിജികൾ എന്നിവയുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാത്തതും ഗാർഹിക സിലിണ്ടറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതുമാണു സ്ഥിതി രൂക്ഷമാക്കിയത്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ ബുധനാഴ്ച മുതൽ അടച്ചിടേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു.
പാചകവാതക വിതരണം നഗരത്തിൽ നിലച്ചിരിക്കുകയാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . പാചകവാതക സിലിൻഡർ ക്ഷാമപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചിട്ടുണ്ട്. സിലിൻഡർ ക്ഷാമം മൂലം ഹോട്ടലുകൾ അടച്ചിടുന്നത് ലക്ഷക്കണക്കിനാളുകളെയാണ് ബാധിക്കുക. സ്ഥിരമായി ഭക്ഷണത്തിന് ഹോട്ടലുകളെയും മെസ്സുകളെയും ആശ്രയിക്കുന്ന ഒട്ടേറെ വിദ്യാർഥികളും പ്രൊഫഷണലുകളും നഗരത്തിലുണ്ട്. ഇവ അടച്ചിട്ടാൽ നഗരത്തിലെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കും. അതിനാൽ ഉടൻ വാണിജ്യാടിസ്ഥാനത്തിലുള്ള സിലിൻഡറുകൾ ലഭ്യമാക്കാൻ നടപടിസ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഹോട്ടലുകൾ പലതും കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിയിരുന്നു. കരിഞ്ചന്തയിൽ മൂന്നിരട്ടിവരെ അധിക വില നൽകിയാണു വൻകിട ഹോട്ടലുകൾ പലരും സിലിണ്ടറുകൾ വാങ്ങിയത്. 19 കിലോയുടെ പൊതുമേഖല കമ്പനികളുടെ വാണിജ്യ നിരക്ക് 1,981 രൂപയാണ്. 3,000–4,000 രൂപ വരെ നൽകിയാണു ഹോട്ടൽ ഉടമകൾ കഴിഞ്ഞ ദിവസം സിലിണ്ടറുകൾ വാങ്ങിയത്.
ചെറിയ റസ്റ്ററന്റുകൾ, മെസ് സൗകര്യങ്ങൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവയെ ആശ്രയിച്ചുകഴിയുന്ന ഒട്ടേറെ പേരാണുള്ളത്. കേരളത്തിൽനിന്നടക്കമുള്ള ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് നഗരത്തിലെ വിവിധ പി.ജി.കളിൽ താമസിക്കുന്നത്. ഐ.ടി. ജീവനക്കാർ ഇതിലേറെയും. ഇവരിൽ മിക്കവരും ഹോട്ടലുകളെയും ചെറിയ റസ്റ്ററന്റുകളെയുമാണ് ഭക്ഷണത്തിന് ആശ്രയിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ വരുംദിവസങ്ങളിൽ നഗരങ്ങളിലെ ഭക്ഷണശാലകൾ പൂർണമായും അടച്ചിടേണ്ട സ്ഥിതിയായിരിക്കും. ബുധനാഴ്ച വൈകീട്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
അതേസമയം പാചകവാതക ക്ഷാമവും ഇന്ധനവില വർദ്ധനയും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാദ്ധ്യതയും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
SUMMARY: Cooking gas shortage; Hotels in crisis















