
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതി കവളാകുളം സ്വദേശി ഷിജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്ന് ഷിജിന്‍ പോലീസിനോട് സമ്മതിച്ചു.
കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് മൊഴി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനില്‍ ഷിജില്‍- കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്.
കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പിതാവിന്റെ കുറ്റസമ്മതം. സംഭവത്തില്‍ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
SUMMARY: Death of a one-year-old boy in Neyyattinkara; Father Shijin charged with murder














