കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിന്റെ ഭാഗമല്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇത് തർക്കത്തിലെത്തുകയും സ്കൂൾ അടച്ചിടുകയുമായിരുന്നു.
ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു. കോടതി പരിധിയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
അതേസമയം ഹിജാബ് ധരിച്ച് സ്കൂളിൽ വരാൻ സാധിക്കുമെന്നാണ് വിദ്യാർഥിനിയുടെ രക്ഷിതാവിന്റെ വാദം. മുൻപ് പഠിച്ച സ്കൂളിൽ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതിന് പ്രശ്നമില്ലായിരുന്നുവെന്നും ഇപ്പോൾ മനഃപൂർവ്വം മാനേജ്മെന്റ് പ്രശ്നമുണ്ടാകുകയാണെന്നും രക്ഷിതാവ് പ്രതികരിച്ചു.
SUMMARY: Dispute over hijab, school closed, parents take legal action against management