ബെംഗളൂരു: കഥ എഴുതുവാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട- സംഘർഷങ്ങളെയും എഴുത്തുകാരൻ തന്നെ തേടി പിടിക്കണമെന്നും അതുകൊണ്ടുതന്നെ സൂക്ഷമതയുടെ കലയാണ് എഴുത്തെന്നും പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ പറഞ്ഞു. ദൂരവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിന്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ജി ആർ ഇന്ദുഗോപൻ.
ഒരു കഥാപാത്രത്തിൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ ആ കഥാപാത്രത്തിന് എത്ര കണ്ട് ആ കഥയുടെ ഭാരം വഹിക്കാനുള്ള ശേഷി ഉണ്ട്, ഏത് കഥാപാത്രത്തിന് ഉണ്ടാവണം എന്നുള്ളത് കഥ എഴുതിത്തുടങ്ങിയാലേ പറയാൻ പറ്റൂ. ഒരു കഥ എങ്ങിനെയാണ് എഴുതി തുടങ്ങേണ്ടത് എന്ന തീരുമാനവും മുഖ്യമാണ്. ആശയത്തിന്റെ യാത്രാസാധ്യതകൾ എന്നു പറയുന്നത് എഴുത്തും ആയിട്ടുള്ള യാത്രയിൽ എല്ലായ്പ്പോഴും തൊട്ടറിയണമെന്നില്ല. പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും സത്യത്തിൽ അങ്ങനെയാണ്. അതിന്റെ സൂക്ഷ്മതകളിലാണ് ശക്തി ഇരിക്കുന്നത്. നമുക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല. അദ്ദേഹം പറഞ്ഞു.
ഒരു കയ്യിൽ ചോളത്തിന്റെ വിത്തിരിക്കുന്നു എന്ന് കരുതുക. ഈ ചോളത്തിന്റെ വിത്താണ് സത്യം എന്നു നാം കരുതുന്നു. പക്ഷേ അന്തരീക്ഷത്തിൽ നിന്നും വന്നിട്ടുള്ള ആലിന്റെ സൂക്ഷ്മമായ വിത്ത്
മറുകൈയിലും ഉണ്ട്. ഈ ആലിന്റെ വിത്ത് മണ്ണിന്റെ അംശം ഉള്ളിടത്ത് നിക്ഷേപിക്കുകയും അതു വളരാൻ അനുവദിക്കുകയും ചെയ്താൽ പിന്നീട് ഒരു തണൽ മരമായി വളരും. നമ്മൾ ആദ്യം പറഞ്ഞ ചോളത്തിന്റെ വിത്ത് മുളച്ചിട്ടുണ്ടെങ്കിൽ കുറച്ചുകാലം കൊണ്ട് അതിന്റെ ജീവൻ അവസാനിപ്പിച്ചിട്ടുണ്ടാവും.
ഇത് തിരിച്ചറിയാനുള്ള ഒരു കഥയുടെ യാത്രയാണ് എഴുത്തുകാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത്. ഓരോ എഴുത്തുകാരും സ്വീകരിക്കുന്നത് വ്യത്യസ്ത വഴികളായിരിക്കാം. എഴുത്ത് ശ്രദ്ധേയമാകുന്നത് സ്വീകരിക്കുന്ന വഴി അനുസരിച്ചിരിക്കുമെന്നും ഇന്ദു ഗോപൻ പറഞ്ഞു.
മരിക്കാതിരിക്കാനാണ് എഴുതുന്നതെന്നും എഴുതാനുള്ള പ്രേരണയുടെ വഴികൾ അജ്ഞാതമാണെന്നും തുടര്‍ന്ന് സംസാരിച്ച കവി വീരാൻകുട്ടി പറഞ്ഞു. എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണ് പലപ്പോഴും. ഏറെക്കുറെ അജ്ഞാതമാണ് അതിൻ്റെ പിറവിരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി അംഗം രേഖ പി മേനോൻ, കൺവീനർ സി കുഞ്ഞപ്പൻ എന്നിവർ യഥാക്രമം ജി ആർ ഇന്ദു ഗോപനെയും വിരാൻകുട്ടി മാഷിനെയും പരിചയപ്പെടുത്തി ട്രഷറർ എം കെ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി സി ജോണി എന്നിവർ മുഖ്യാതിഥികൾക്ക് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ് വി കെ സുരേന്ദ്രൻ, കെ ആർ കിഷോർ രഞ്ജിത്ത്, ഡോക്ടർ പി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ സമ്മേളനത്തിന്റെ ആമുഖപ്രസംഗവും തുടർന്ന് അവതാരകനുമായി. മേധാ എസ് നായർ സ്മിത മോഹൻ രേഖ പി മേനോൻ തങ്കമ്മ സുകുമാരൻ, സൗദാറഹ്മാൻ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Dooravani Nagar Kerala Samajam literary conference