തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെയും ട്രാഫിക് നിയമലംഘകരെയും കണ്ടെത്താൻ ലക്ഷ്യമിട്ട് കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ‘ഈഗിൾ ഐ’ എന്ന പേരിൽ കാമറകൾ സ്ഥാപിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ നിരീക്ഷണ സംവിധാനം പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം നിരീക്ഷിക്കും. ആദ്യഘട്ടത്തിൽ അഞ്ചു കാമറകളാണ് സ്ഥാപിച്ചത്. ഗതാഗത നിയന്ത്രണം, ക്രമസമാധാനപാലനം, മാലിന്യ നിർമാർജനം എന്നിവയ്ക്ക് പോലീസിന് സഹായകരമാകുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ ആകെ 15 സിസിടിവി കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി അഞ്ച് ക്യാമറകൾ പട്ടണത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ‘കോഫ്ബ നെറ്റ്വർക്സ്’ ആണ് ‘ഈഗിൾ ഐ’ എന്ന പേരിൽ ഈ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും തത്സമയം ലഭ്യമാകും. ഓണത്തിരക്കിനിടെ കാമറകൾ പ്രവർത്തിച്ചുതുടങ്ങിയത് പോലീസിന് വലിയ സഹായമായിട്ടുണ്ട്.
SUMMARY: ‘Eagle Eye’ cameras have started operating