കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ രണ്ടുതവണയായി ഏര്‍പ്പെടുത്തുന്ന 25 മിനിറ്റ് നിയന്ത്രണത്തിനു പുറമേ മൂന്നാമതൊരു തവണകൂടി വെട്ടിച്ചുരുക്കല്‍ വന്നേക്കാം. ഇതോടെ നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീളാനാണ് സാധ്യത.
കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബര്‍ മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9.63 കോടി യൂണിറ്റിലെത്തി. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നതിന് സമാനമായ ഊര്‍ജ ഉപയോഗമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ആവശ്യകതയില്‍ കുറവുവന്നില്ലെങ്കില്‍ പ്രതിസന്ധി മറികടക്കാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും.
200 മെഗാവാട്ട് വൈദ്യുതിക്കായി മധ്യപ്രദേശുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും അവിടെ മിച്ചമുണ്ടായാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഈ സഹായം ലഭ്യമായില്ല.സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കമ്പനികള്‍ ഉണ്ടാക്കിയ കരാറിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചതും തിരിച്ചടിയായി. രാത്രിയിലെ പ്രതിസന്ധിക്ക് ഇത് വലിയ ആശ്വാസമാകില്ലെന്ന വിലയിരുത്തലിലാണ് അനുമതി നല്‍കാതിരുന്നത്.
ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ഒക്ടോബര്‍ പകുതിയോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാകുന്നതിന് തടസ്സമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 8.94 കോടി യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗമാണ് ഇപ്പോള്‍ 9.63 കോടി യൂണിറ്റായി കുതിച്ചുയര്‍ന്നത്. രാത്രിയിലെ പീക്ക് ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം 4443 മെഗാവാട്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5045 മെഗാവാട്ടായും വര്‍ധിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചത് പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്തംബർ മാസത്തെ ഡിമാൻഡിൽ നിന്ന് ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി വ്യക്തമാക്കി.
SUMMARY: Electricity consumption in Kerala hits record levels; restrictions likely to tighten.
















