ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്.
ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും. കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് പ്രതികരിച്ചു. ബെംഗളൂരുവിലെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾക്ക് പിന്നാലെയാണ് ഈ സംഭവം. ബാഗ് ഉപേക്ഷിച്ചവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
SUMMARY: Explosives found at bus stand in Bengaluru. investigation underway