റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ആസ്ഥാന മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചു. സൗദിയുടെ സോവറിൻ വെൽത്ത് ഫണ്ട് പ്രവർത്തിക്കുന്ന ആസ്ഥാനമാണിത്.
ഇന്ന് പുലർച്ചെ റിയാദ് നഗരത്തിൽ ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ ഭീഷണി വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു.
തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന 80 നിലകളുള്ള പിഐഎഫ് ടവറിന്റെ മുൻഭാഗത്തെ വിവിധ നിലകളിലെ ഗ്ലാസുകൾ തകരുകയും കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ ടവറിന്റെ നിരവധി നിലകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ മറ്റg കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി.
SUMMARY: Houthi missile attack on Riyadh; Damage to Saudi’s tallest building
















