ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത കോടതി. വംശഹത്യക്കെതിരെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര കോടതി ഒരു രാജ്യത്തെ പ്രതിക്കൂട്ടിലാക്കി വിധി പുറപ്പെടുവിക്കുന്നത്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ആറിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് കോടതിയുടെ ഈ തീരുമാനം. റോഹിൻഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി. 2017 ലെ സൈനിക നടപടികളിൽ 10,000 റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും 7 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായും കോടതി വിലയിരുത്തി.
മ്യാൻമർ നടത്തിയ ക്രൂരമായ അടിച്ചമർത്തലിന് ഇരയായ റോഹിങ്ക്യകൾക്ക് ലഭിച്ച നീതിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെ അയൽരാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. മ്യാൻമർ സുരക്ഷാ സേന ആയിരക്കണക്കിന് സാധാരണക്കാരായ റോഹിങ്ക്യൻ വിഭാഗക്കാരെ കൊലപ്പെടുത്തുകയും സ്ത്രീകൾക്കെതിരെ ‘വ്യാപകമായ ലൈംഗിക അതിക്രമങ്ങളും’ കുട്ടികൾക്കെതിരെ ‘തീവ്രമായ അതിക്രമങ്ങളും’ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞു.
റോഹിംഗ്യൻ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാൻമറിന്റെ വാദവും കോടതി തള്ളി. സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള, സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ് റോഹിംഗ്യകളെന്ന് കോടതി പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയും മൃതദേഹങ്ങൾ കത്തിച്ചും മ്യാൻമർ വ്യാപകമായി തെളിവുകൾ നശിപ്പിച്ചു. ഇരകളായ റോഹിംഗ്യകൾക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണം. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന് മ്യാൻമർ ഉറപ്പ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
2017 ലെ അതിക്രമങ്ങൾ നടക്കുമ്പോൾ മ്യാൻമറിലെ ഭരണം നയിച്ചിരുന്നത് ആങ് സാൻ സൂചിയായിരുന്നു. രാജ്യത്ത് തലമുറകളായി താമസിച്ചുവരുന്ന റോഹിങ്ക്യകള്‍ക്ക് പൗരത്വം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ പിന്തുണയോടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ റോഹിങ്ക്യകള്‍ക്കെതിരായ ശത്രുത വര്‍ധിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
പലായനം ചെയ്തവർക്ക് അവരുടെ താമസസ്ഥലത്തേക്ക് ‘സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ’ തിരിച്ചുവരവ് അനുവദിക്കാനും സഹായിക്കാനും മ്യാൻമാറിനോട് കോടതി ഉത്തരവിട്ടു. വംശഹത്യ നടത്തിയെന്ന് സംശയിക്കുന്ന ഏതൊരാളെയും അന്വേഷിച്ച് ശിക്ഷിക്കണമെന്നും പിന്നീട് തീരുമാനിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജിമാർ മ്യാൻമാറിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യൻ വിഭാഗത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിന്റെയും മറ്റ് പരിഹാരനടപടികളുടെയും അളവും രീതികളും അന്താരാഷ്ട്ര നീതിന്യായ കോടതി തീരുമാനിക്കും.
അതേസമയം വിധി നടപ്പിലാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരിട്ടുള്ള മാർഗമില്ല. വംശഹത്യ നടന്ന സമയത്ത് മ്യാൻമർ സൈന്യത്തെ നയിച്ചിരുന്ന മിൻ ഓങ് ഹ്ലെയിംഗാണ് നിലവിൽ മ്യാൻമർ പ്രസിഡന്റ്. ഓങ് സാൻ സ്യൂചിയെ അട്ടിമറിച്ച് 2021-ലാണ് അദ്ദേഹം അധികാരത്തിലേറിയത്. നിലവിലെ സാഹചര്യത്തിൽ മ്യാൻമാറിലെ ഭരണാധികാരികൾ കോടതി ഉത്തരവുകൾ പാലിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.
SUMMARY: Myanmar committed genocide against Rohingya minority: International Court of Justice with historic verdict















