തെഹ്‌റാന്‍: ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവിയായി മുഹമ്മദ് ബാഗര്‍ സോള്‍ഗാദറെ നിയമിച്ചു. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായാണ് സോള്‍ഗാദര്‍ പദവിയിലെത്തുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (IRGC) മുന്‍ കമാന്‍ഡറാണ് മുഹമ്മദ് ബാഗര്‍ സോള്‍ഗാദര്‍, ഇറാന്റെ പരമോന്നത നേതൃത്വത്തെ ഉപദേശിക്കുന്ന പ്രധാന സ്ഥാപനമായ എക്‌സ്‌പെഡിയന്‍സി ഡിസ്സേണ്‍മെന്റ് കൗണ്‍സിലിന്റെ സെക്രട്ടറിയാണ് നിലവില്‍ സോള്‍ഗാദര്‍. വര്‍ഷങ്ങളായി, ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സ്ഥാപനങ്ങളില്‍ നിരവധി മുതിര്‍ന്ന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ സുരക്ഷാ നയതന്ത്രങ്ങളില്‍ സോള്‍ഗാദറുടെ നിയമനം ഏറെ നിര്‍ണായകമാണ്. ടെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 -ാം തിയതി അയത്തുള്ള അലി ഖൊമനേയിയുടെ മരണത്തിന് ശേഷം ഇറാനുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു അലി ലാരിജാനിയുടേത്.
SUMMARY: Iran has a new security chief: Mohammad Bagher Solghader succeeds Ali Larijani















