ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്.
ഇന്ന് രാവിലെ 11.30 ഓടെ പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞു. ഇതോടെ റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിക്കുകയായിരുന്നു. എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ വാഹനത്തിലിരുന്നും ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പോലീസ് വാഹനത്തിലേക്ക് കയറിയത്. അതേസമയം ഇലക്ഷൻ കമ്മീഷനെ കാണാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിച്ചു. മുപ്പത് എംപിമാർക്ക് മാത്രം കാണാൻ കമ്മീഷൻ അനുമതി നൽകിയതിന് പിന്നാലെയാണിത്.
അതേസമയം. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു. 30,000 കള്ള മേൽവിലാസമെന്ന വാദം തെറ്റിദ്ധാരണാജനകമെന്നാണ് ഇലക്ഷൻ കമ്മീഷൻ്റെ നിലപാട്. ശകുൻ റാണി എന്ന എഴുപത്കാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണത്തിൽ രേഖ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു.
SUMMARY: Irregularities in voter list; MPs arrested and removed from opposition march