ജെറുസലേം: ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചിലത് ഹമാസ് അംഗീകരിച്ചതിനെ തുടർന്ന് ആക്രമണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് ഇസ്രയേൽ പുതിയ ആക്രമണം നടത്തിയത്. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിലെ സൈനിക നടപടികള്‍ കുറയ്ക്കാനായി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
SUMMARY: Israeli attack on Gaza after Hamas accepts peace deal; 20 killed