തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാൻ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകള്‍ പൂർത്തിയായി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതിനോടകം ചർച്ച നടത്തിക്കഴിഞ്ഞു. കത്തോലിക്ക സഭയും ചർച്ചകളില്‍ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം.
സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചെപ്പെട്ടാല്‍ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കും. മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാർ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എൻ ജയരാജ്, പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന് സൂചന ശക്തമാക്കുന്ന നീക്കമാണിത്. 16 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇതില്‍ നിർണായകമാകും. ഇതിനിടെ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥാ ക്യാപ്റ്റന്റെ സ്ഥാനത്തുനിന്നും ജോസ് കെ മാണി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
റാലിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാകാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നതായും റാലി നയിക്കാൻ എൻ ജയരാജിനോട് ആവശ്യപ്പെട്ടതുമായാണ് വിവരം. ഫെബ്രുവരി ആറ് മുതല്‍ 13വരെയുള്ള ജാഥ ആറന്മുളയില്‍നിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക.
SUMMARY: Jose K Mani-led Kerala Congress M hints at joining UDF














