ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത റെയ്ഡിൽ കണ്ടെത്തൽ. കർണാടക ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ബോർഡിന്റെ (കെആർഐഡിഎൽ) കൊപ്പാളിലെ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കലകപ്പ നിദഗുണ്ഡിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിനു പിടിയിലായത്.
വാടകയ്ക്കു നൽകിയിരിക്കുന്ന 24 വീടുകളും 40 ഏക്കർ കൃഷി ഭൂമിയും ഇയാളുടെ പക്കലുണ്ട്. സ്വന്തം പേരിലുള്ളത് പുറമെ ഭാര്യയുടെയും സഹോദരന്റെയും പേരിലും ഭൂമിയും വീടുകളുമുണ്ട്. 350 ഗ്രാം സ്വർണാഭരണങ്ങൾ, 1.5 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 2 കാറുകൾ, 2 ഇരുചക്രവാഹനങ്ങൾ എന്നിവയും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു.
കെആർഐഡിഎൽ മുൻ എൻജീനീയറായ ചിഞ്ചോൽക്കറുമായി ചേർന്ന് 72 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണവും കലകപ്പയുടെ പേരിലുണ്ട്. പൂർത്തിയാകാത്ത പദ്ധതികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി ഇരുവരും പണം തട്ടിയെന്നാണ് നിഗമനം. അതിനിടെ സമാനമായി അനധികൃതമായി സ്വത്ത് സമ്പാദിച്ച ഒട്ടേറെ ഉദ്യോഗസ്ഥർ ലോകായുക്തയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
SUMMARY: Raids on ex-Karnataka clerk unearth Rs 30 crore in assets, including 24 houses.