ബെംഗളൂരു: ഉത്തരകന്നഡയിലെ ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ തിരിച്ചയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടിയന്തരമായി കുട്ടികളെ റഷ്യയിലേക്ക് തിരിച്ചയയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്. സുനിൽദത്ത് യാദവ് ഉത്തരവിട്ടു.
ഗോകർണത്തെ വനമേഖലയിലെ ഒറ്റപ്പെട്ട ഗുഹയിൽ നിന്നാണ് നിന കുട്ടിനയെയും(40) മക്കളായ പ്രേയ(6), അമ(4) എന്നിവരെ പോലീസ് കണ്ടെത്തിയത്. നിനയുടെ വീസ കാലാവധി 2017ൽ കഴിഞ്ഞിരുന്നു. കുട്ടികൾക്കു വിസ എടുത്തിട്ടുമില്ല. ഇതോടെയാണ് കുട്ടികളെ അടിയന്തരമായി റഷ്യയിലേക്കു നാടുകടത്താൻ ഉത്തരവ് പുറത്തിറക്കിയത്.
എന്നാൽ ഇതു ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനായുള്ള നിർദേശങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. കുട്ടികൾക്കു മതിയായ യാത്രാരേഖകളില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. ഇതോടെയാണ് ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചത്. കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളെ നാടുകടത്താൻ പാടില്ല. കേസ് ഓഗസ്റ്റ് 18ന് കോടതി വീണ്ടും പരിഗണിക്കും.
SUMMARY: Karnataka HC halts deportation of Russian woman’s children found living in cave.