ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഒക്ടോബർ 30-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് പുരസ്കാര ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നിന്ന് കെ. വെങ്കടരമണ (ബാബാജി), അശോക്, കെ.എസ്. രവീന്ദ്രനാഥ്, ജുഡീഷ്യറി വിഭാഗത്തിൽ മുൻ കർണാടക അഡ്വക്കേറ്റ് ജനറൽ ബി.വി. ആചാര്യ, യക്ഷഗാന കലാകാരൻ ഗോപാല ഗാനിഗ, മാധ്യമ, ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഫോട്ടോ ജേണലിസ്റ്റ് വിശ്വനാഥ് സുവർണ, സാമൂഹിക സേവനത്തിലെ സംഭാവനയ്ക്ക് ‘അഖില ഭാരത തുളു ഒക്കുട’യിലെ എ.സി. ഭണ്ഡാരി, സാഹിത്യത്തിന് എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ഇന്ദിര ഹെഗ്ഡെ എന്നിവർ ഇത്തവണ അർഹരായി.
കല, സാഹിത്യം, സംസ്കാരം, നാടൻകലകൾ, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, സാമൂഹിക സേവനം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. കർണാടകയുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ ആദരിക്കുന്നതിനാണ് രാജ്യോത്സവ പുരസ്കാരങ്ങൾ നൽകുന്നത്. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രവർത്തകർ, കലാകാരന്മാർ, അധ്യാപകർ, ശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
SUMMARY: Karnataka Rajyotsava Award for 71 people
















