ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു. അതേസമയം ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലെന്നും ജില്ലാ ഭരണകൂടത്തിനും സർക്കാരിനും പോലീസിനുമാണ് ഉത്തരവാദിത്വം എന്നുമാണ് വിജയ്യുടെ നിലപാട്.
SUMMARY: Karur tragedy: Vijay will be questioned again, CBI asks him to appear on the 19th














