
തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90) എന്ന രജിസ്ട്രേഷൻ. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് കെഎൽ 90′ നമ്പറുകളാകും നൽകുക. കെഎൽ 90 -എ കേന്ദ്രസർക്കാർ, കെഎൽ 90 ബി തദ്ദേശം, കെഎൽ 90 സി – പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നമ്പർ അനുവദിക്കുക. ഇത് സംബന്ധിച്ച് മോട്ടോർവാഹന ചട്ടത്തിൽ വരുത്തേണ്ട മാറ്റത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
സർക്കാർ വാഹനങ്ങളുടെ ആയുസ്സ് സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തിലും കേരളം നിർണ്ണായകമായ മാറ്റം വരുത്തി. 15 വർഷം കഴിഞ്ഞാൽ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പോലീസ്, ഫയർഫോഴ്‌സ്, വനം, ആരോഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തി. കിലോമീറ്റർ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു.
കേന്ദ്ര വാഹന പോർട്ടലിൽ ഇതിന് തടസ്സമുണ്ടാകുമെന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആർ.സി കാർഡുകൾ നൽകും. ഇൻഷുറൻസ് സംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഈ വാഹനങ്ങളെല്ലാം കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ, 15 സംവിധാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കിയതുമായ സർക്കാർ വകുപ്പുകളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും കാലാവധി, ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ നിലനിർത്തി, മാനുവൽ ആയി ആർസി നൽകി അഞ്ചു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിനും സർക്കാർ തീരുമാനിച്ചു.
ഫിറ്റ്നസ് പുതുക്കി നൽകുന്ന ഇത്തരം വാഹനങ്ങൾക്ക് കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖാന്തിരം ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണർ തയ്യാറാക്കി സമർപ്പിച്ച ചട്ടങ്ങളുടെ കരട് സർക്കാർ അംഗീകരിക്കുകയും, ആയതിൻ്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: KL 90; Special registration series for government vehicles now














