ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിവരുന്ന പുഷ്പമേളക്ക് തുടക്കമായി. ലാല്‍ബാഗില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.
പശ്ചിമ ഗംഗാ രാജവംശത്തെ പ്രമേയമാക്കി ഗ്ലാസ് ഹൗസിനുള്ളിൽ ഒരുക്കിയ പുഷ്പാലങ്കാരമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പശ്ചിമ ഗംഗാ രാജവംശത്തിന്റെ പൈതൃകവും ശില്പകലയും വാസ്തുവിദ്യയും വർണശബളമായ പൂക്കൾ കൊണ്ട് അതിമനോഹരമായി ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പൂച്ചെടികളും ലക്ഷക്കണക്കിന് പൂക്കളും ഉപയോഗിച്ചാണ് വിസ്മയകരമായ പുഷ്പശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പൂക്കൾ ഉപയോഗിച്ച് ഗംഗ രാജവംശവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളുടെ മാതൃകകളും ഒരുക്കിയിട്ടുണ്ട്. വിവിധയിനം അലങ്കാരസസ്യങ്ങൾ, അപൂർവപുഷ്പങ്ങൾ, പൂക്കൾകൊണ്ടുള്ള ശിൽപ്പങ്ങൾ എന്നിവയും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.
ബെംഗളൂരു സന്ദർശിക്കുന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും ലാൽബാഗ് പുഷ്പപ്രദർശനമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സസ്യോൽപാദകരും ഉദ്യാനവിദഗ്ധരും പുഷ്പപ്രേമികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. കുടുംബങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ള വലിയ സന്ദര്‍ശക തിരക്കാണ് ആദ്യ ദിവസം തന്നെ ലാൽബാഗിൽ അനുഭവപ്പെട്ടത്.
പുഷ്പമേള ഓഗസ്റ്റ് പതിനേഴുവരെ തുടരും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണു പ്രവേശനം. പ്രവൃത്തിദിവസങ്ങളിൽ പ്രവേശന ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്കു 30 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ്. യൂണിഫോമിൽ തിരിച്ചറിയൽ കാർഡുമായി എത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു (10–ാം ക്ലാസ് വരെ) സൗജന്യ പ്രവേശനം അനുവദിക്കും.
SUMMARY: Lalbagh Flower Festival re-enacts the legacy of the Ganga Dynasty through flowers
















