ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ ഒന്നുമല്ല. മലയാള ഭാഷയാണെന്ന് എഴുത്തുകാരനായ കെ.പി. രാമനുണ്ണി ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ ‘മലയാള മാഹാത്മ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളമെന്നാൽ ഒരു ഭാഷയുടെ പേരു മാത്രമല്ല മഹത്തായൊരു സംസ്കാരത്തിൻ്റെ നാമധേയം കൂടിയാണ്. ഏതൊരു വിദേശഭാഷാപദവും അതുപോലെ ഉച്ചരിക്കാൻ സിദ്ധിയേകുന്ന 51 അക്ഷരങ്ങൾ മലയാണ്മക്കുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള ഇൻക്ലൂസീവ്നെസ്സ് അഥവാ സർവ്വാശ്ലേഷശേഷിയാണ് മലയാള സംസ്കാരത്തിൻ്റെ മറ്റൊരു സവിശേഷത. അപരവിദ്വേഷത്താൽ സംഘർഷ ഭരിതമായിരിക്കുന്ന ഇന്നത്തെ ലോകത്തിന് സമന്വയത്തിൻ്റെ വലിയൊരു സന്ദേശം മലയാളഭാഷയ്ക്കും കേരളീയതയ്ക്കും പകരാനുണ്ട്. മലയാള മഹിമയുടെ പതാകവാഹകരായി ഡെക്കാൻ കൾച്ചറൽ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ കഴിയട്ടെ എന്നും കെ.പി. രാമനുണ്ണി ആശംസിച്ചു.
സൊസൈറ്റി പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി ചർച്ച ഉദ്ഘാടനം ചെയ്തു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി.കെ.കെ. നായർ നന്ദിയും പറഞ്ഞു.
SUMMARY: literary evening organized by the Deccan Cultural Society
SUMMARY: literary evening organized by the Deccan Cultural Society
















