ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബാങ്ക് ജീവനക്കാരൻ. ഹൊറമാവു സ്വദേശിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്.
ഏപ്രിലിലാണ് അനുയോജ്യമായ വധുവിനെ തേടി യുവാവ് മാട്രിമോണിയൽ സൈറ്റിൽ റജിസ്റ്റർ ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മഹിമ മജിയെന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നു അനുകൂല പ്രതികരണമുണ്ടായി. ആന്ധ്രപ്രദേശ് സ്വദേശിനിയാണെന്നും ബ്രിട്ടനിലെ ആശുപത്രിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയുമാണെന്നാണ് പരിചയപ്പെടുത്തിയത്.
തുടർന്ന് ഇരുവരും വാട്സാപ്പിൽ നിരന്തരം സന്ദേശങ്ങൾ അയച്ചു. വിഡിയോ കോളും ചെയ്തു. ഇതിനിടെയാണ് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് യുവതി പരാതിക്കാരനോട് പറഞ്ഞത്. തനിക്കു വൻ ലാഭം ലഭിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാവിക്കായി യുവാവും നിക്ഷേപത്തിനു തയാറാകണമെന്നും ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും ഒടുവിൽ യുവാവ് വഴങ്ങി. യുവതി അയച്ചു തന്ന ലിങ്കിലൂടെ ക്രിപ്റ്റോ ട്രേഡിങ് ആപ്പിൽ റജിസ്റ്റർ ചെയ്തു. പല തവണയായി 34.4 ലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ ജൂൺ 18ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും വിവാഹത്തിനു തീരുമാനിച്ചതിനാൽ ആപ്പുകളിലെ പ്രൊഫൈൽ നീക്കം ചെയ്യുന്നതായും യുവതി അറിയിച്ചു.
ഇതിനിടെ ആപ്പിൽ മികച്ച ലാഭം കാണിച്ചതോടെ പണം പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവാവ് മനസിലാക്കിയത്. വ്യാജ ആപ്പാണെന്നു തിരിച്ചറിഞ്ഞതോടെ യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
SUMMARY: Bengaluru man lost 34.4 lakh in investment scam