കാസറഗോഡ്: കാസറഗോഡ് കുമ്പള ദേശീയപാതയില്‍ ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിൽ സംഘർഷം. ടോൾ ഗേറ്റിലെ ചില്ലുകളും കാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് സമാനമായി ബുധനാഴ്ച രാത്രി ടോൾഗേറ്റിൽ നടന്ന വൻ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പന്തം കൊളുത്തി പ്രകടനമായാണ് യുവാക്കളടക്കമുള്ളവർ പ്രദേശത്തെത്തിയത്. പിന്നാലെ സമരക്കാരുടെ പ്രതിഷേധം അണപൊട്ടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്.
അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാൻ ചിലർ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. സമരം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎൽഎ പറഞ്ഞു.
നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റർ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോൾ ബൂത്ത് താൽക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ടോൾ ബൂത്തിന് മുന്നിൽ ഇന്നലെ മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. ഹൈക്കോടതിയിൽ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം.
SUMMARY: Massive clash at Kumbala toll plaza; windows and cameras smashed














