ബെംഗളൂരു: പഞ്ചാബില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 1.58 കോടി രൂപയുടെ 1.7 കിലോ എംഡിഎംഎയുമായി മംഗളൂരുവില്‍ 3 പേര്‍ അറസ്റ്റിലായി. കാസറഗോഡ് മംഗല്‍പാടി ബൈദാല അനീസ മന്‍സിലിലെ അബ്ദുല്‍ ഹാഫില്‍ (25), കുളൂര്‍ കസബ ബെങ്കരെ സ്വദേശി സിയാഉള്‍ ഹഖ് (30), പാണ്ഡേശ്വര്‍ ഐഷ അപ്പാര്‍ട്‌മെന്റിലെ അല്‍ത്താഫ് (28) എന്നിവരാണ് പിടിയിലായത്. ഉള്ളാള്‍ കുമ്പളയിലെ ഡി മാര്‍ട്ടിന് സമീപത്തു നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കാസറഗോഡ് കുമ്പള പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മംഗളൂരു സിസിബി പോലീസാണ് മൂവരെയും പിടികൂടിയത്.
പഞ്ചാബിലെ അമൃത്‌സറില്‍നിന്ന് എംഡിഎംഎ വാങ്ങി വാട്ടര്‍ പ്യൂരിഫയറിന്റെ വാട്ടര്‍ സ്റ്റോറേജ് ഭാഗത്തു നിറച്ച് കുറിയര്‍ വഴി മംഗളൂരുവിലെത്തിക്കുകയായിരുന്നു ഇവര്‍. കാര്‍, എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
SUMMARY: Major drug bust: 1.7 kg of MDMA seized; three arrested, including a Malayali.
















