ബെംഗളൂരു: നഗരത്തിലെ ജനത്തിരക്കേറിയ വാണിജ്യകേന്ദ്രമായ ചിക്‌പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വേർ വെയർഹൗസിൽ വൻ തീപ്പിടിത്തം. 32 കടകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ ആറിനായിരുന്നു തീപിടിത്തം. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ വേഗം പുറത്തെത്തിച്ചതിനാൽ ദുരന്തം ഒഴിവായി.
കുമ്പാർപേട്ടിൽ പ്ലാസ്റ്റിക് പൈപ്പുകളും ഇലക്ട്രോണിക് സാധനങ്ങളും സൂക്ഷിച്ച ഗോഡൗൺ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. തുടർന്നു സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. 4 അഗ്നിശമന യൂണിറ്റുകളെത്തി 6 മണിക്കൂറോളം നീണ്ട ശ്രമിച്ചാണു തീയണച്ചത്. പ്രദേശത്ത് ഇടുങ്ങിയ വഴികളായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഷോർട് സർക്കീറ്റാണു കാരണമെന്നാണു നിഗമനം. നാശനഷ്ടം വിലയിരുത്തിയിട്ടില്ല.
SUMMARY: Massive fire in Chikpet; 32 shops were burnt down















